കെ പി സി യുടെ മുൻ അദ്ധ്യക്ഷന്‍, കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന കെ കേളപ്പന്റെ ഓർമ്മദിനം
ഓർമ്മദിനം
കെ പി സി യുടെ മുൻ
അദ്ധ്യക്ഷന്‍,
കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന കെ കേളപ്പന്‍ ഗാന്ധിജിയുടെ തികഞ്ഞ അനുയായി ആയിരുന്നു. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തെ മാതൃകാപുരുഷനാക്കി.
കേരളത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നും മായാത്ത മുദ്രപതിച്ച സേനാനിയായിരുന്നു കെ.കേളപ്പന്‍.(ജനനം: 1889 ഓഗസ്റ്റ് 24; മരണം: 1971 ഒക്ടോബർ 7). അധഃകൃത വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ചരിത്രം മനുഷ്യസ്നേഹികളെ എക്കലത്തും ആവേശം കൊള്ളിക്കാന്‍ പോന്നതാണ്. ഭൂദാന പ്രസ്ഥാനത്തിലും ഹരിജനോദ്ധാരണ പ്രവര്ത്തനങ്ങളിലും നേതൃത്വം നല്ക്കി.ഗാന്ധിജിയുടെ ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍ കേരള ഗാന്ധി എന്നും വിളിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ പരിപാടിയനുസരിച്ച് ഇന്ത്യയിലുടനീളം നടന്ന ഉപ്പുസത്യഗ്രഹത്തിനു കേരളത്തില്‍ നേതൃത്വം നല്‍കിയതു കേളപ്പനാണ്.കേരളഗാന്ധി’ എന്ന് കേരളം ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ – കെ കേളപ്പനെ. മനസ്സില്‍ മഹാത്മജിയെ പൂജാവിഗ്രഹമായി കൊണ്ടുനടന്നതുകൊണ്ടല്ല കേളപ്പനെ ജനങ്ങള്‍ അങ്ങനെ വിശേഷിപ്പിച്ചത്. ഗാന്ധിയന്‍ സമരമുറകളും ആദര്‍ശങ്ങളും കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യത്‌നിച്ച അദ്ദേഹം പരാജയത്തിന്റെ മൂല്യം അറിഞ്ഞ നേതാവായിരുന്നു. ഗാന്ധിജിയെപ്പോലെ കേളപ്പനും ചരിത്രത്തില്‍ തോറ്റുപോയ വ്യക്തിയാണ്. കോഴിക്കോടായിരുന്നു കെ കേളപ്പന്റെ തട്ടകം. ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് മദ്രാസിലെ നിയമപഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരവേദിയില്‍ എത്തിയ കേളപ്പനാണ് കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയതെന്ന് ചരിത്രപാഠപുസ്തകത്തില്‍ വായിക്കാം. അധഃസ്ഥിത ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാന്‍ വൈക്കം ക്ഷേത്രനടയില്‍ നടന്ന മഹാസത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുത്തു. ജാതിഭേദമില്ലാതെ സകലമാന ഹിന്ദുമത വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ ഗുരുവായൂരില്‍ നടന്ന ഐതിഹാസിക സത്യാഗ്രഹ സമരം നയിച്ചത് കേളപ്പനായിരുന്നു.ഗാന്ധിജിയെ പോലെ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് കേളപ്പജിയും ഉറച്ചു വിശ്വസിച്ചിരുന്നു. അക്കാലത്തു കേളപ്പജിയുടെ ആശ്രിതനായി വർത്തിച്ച എ കെ ഗോപാലൻ നമ്പ്യാർ ആണ് പിന്നീട് എ കെ ജി എന്ന് പ്രസിദ്ധനായി തീർന്നത്. ഗുരുവായൂർ സത്യാഗ്രഹ വളണ്ടിയർ സംഘത്തിൽ പ്രവർത്തിച്ച എകെജി മുഖ്യധാരയിലേക്ക് വന്നത് കേളപ്പജിയോടുള്ള അടുപ്പം കാരണമാണ്. കേളപ്പജിയുടെ പന്ത്രണ്ടു ദിവസം നീണ്ട നിരാഹാര സത്യാഗ്രഹം ഗുരുവായൂർ ക്ഷേത്രത്തിന്റെ വാതായനങ്ങൾ എല്ലാ ജാതിയിലും പെട്ട ഭക്തർക്കായി തുറന്നു കൊടുത്തു. എങ്കിലും അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകുവാൻ നമ്മൾ ഒരു സമൂഹമെന്ന നിലയിൽ അമ്പേ പരാജയപ്പെട്ടു എന്ന് പറയേണ്ടിയിരിക്കുന്നു.
ഗുരുവായൂർ സത്യാഗ്രഹത്തിന് ചുക്കാൻ പിടിച്ചത് കെ കേളപ്പൻ ആയിരുന്നു എങ്കിലും എ കെജിയെയും കൃഷ്ണപിള്ളയേയും മഹത്വവൽക്കരിക്കാനായി സത്യാഗ്രഹസ്മാരകം നിർമ്മിച്ചപ്പോൾ കേളപ്പനെ മെല്ലെ ഒഴിവാക്കി. ഇടയ്ക്കു വന്നു കേറിയവർക്കും വോട്ടു ബാങ്കിന്റെ താല്പര്യങ്ങൾക്കും എല്ലാം വേണ്ടി മലയാളികൾ ബലികഴിച്ചത് നിസ്വാർത്ഥ സേവനത്തിനായി സ്വജീവിതം സമർപ്പിച്ച ഒരു മഹാത്മാവിന്റെ ഓർമ്മകളാണ്.മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചുപാകിസ്താൻ സൃഷ്ടിക്കുകയാണെന്ന് വിമർശനം ഉയർത്തി അതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്നതും 1968 ൽ അങ്ങാടിപ്പുറത്തെ അനാഥമായി കാണപ്പെട്ട ശിവലിംഗത്തെ(തളിക്ഷേത്രം) പുനരുദ്ധരിക്കാൻ മുന്നിട്ടിറങ്ങിയതും മുസ്ലിം വിമർശകർ അദ്ദേഹത്തിനെതിരെ എടുത്തുകാട്ടുന്നു.രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ച നിസ്സ്വാർത്ഥമായ ഒരു ജീവിതമായിരുന്നു കേളപ്പന്റേത്. ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞത് ഒരു വലിയ അളവുവരെ കേളപ്പനിലൂടെയായിരുന്നു. സേവനത്തിന്റെ ആ ജീവിതം 1971 ഒക്ടോബർ 7-നുഅവസാനിച്ചു.
പ്രണാമം
റെജി പൂവത്തൂർ


Comments