വിവിധ രാഷ്ട്രീയ കക്ഷികളുമായും ഭരണ വിഗദ്ധരുമായും ചര്‍ച്ച നടത്തണം രമേശ് ചെന്നിത്തല
മന്ത്രിമാരുടെ അധികാരം ലഘൂകരിച്ച്, മുഖ്യമന്ത്രിയിലേക്ക് മാത്രം അധികാരം കേന്ദ്രീകരിക്കുന്ന തരത്തിലേക്ക് സർക്കാർ ചട്ടങ്ങൾ (റൂൾസ് ഓഫ് ബിസിനസ്സ് ) പരിഷ്‌ക്കരിക്കാനുള്ള കരട് റിപ്പോർട്ട് A K ബാലൻ അധ്യക്ഷനായിട്ടുള്ള ഉപസമിതി പരിഗണിക്കുകയാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രിയിലാണ്. അത് തന്നെയാണ് കേരളത്തിലും നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ നാലര വര്‍ഷവും മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. പുറത്ത് വന്ന വിവാദ തീരുമാനങ്ങള്‍ മിക്കവയും മന്ത്രിസഭയോ മുന്നണിയോ അറിയാതെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ നേരിട്ടാണ് കൈക്കൊണ്ടിട്ടുള്ളത്. സ്പ്രിംഗളര്‍ ഇടപാട് മുതല്‍ ഇമൊബിലിറ്റി പദ്ധതി വരെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
ഇതില്‍ പലതും വകുപ്പ് മന്ത്രിമാര്‍ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മന്ത്രിസഭയെ മാത്രമല്ല, വകുപ്പ് മന്ത്രിമാരെപ്പോലും ഇരുളില്‍ നിര്‍ത്തിയാണ് അഴിമതിക്കുള്ള തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിയത്. ഇടതു മുന്നണി ഏകോപന സമിതി പോലും വെറും നോക്കുകുത്തിയായി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ഒരു സെക്രട്ടറിയും വിചാരിച്ചാൽ ഏത് മന്ത്രിമാരുടെ വകുപ്പിലും എന്ത് തീരുമാനവും നടപ്പാക്കാം എന്ന നിലയിലേക്ക് ഭരണനിർവഹണ ചട്ടങ്ങളെ മാറ്റി എഴുതി അഴിമതി എളുപ്പമാക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമം.



Comments