അഴിമതി ശാസ്ത്രീയമായി നടത്താൻ ഓരോ ദിവസവും പുതിയ സൂത്രവാക്യങ്ങൾ കണ്ടെത്തുകയാണ് പിണറായി സർക്കാർ. രമേശ്‌ ചെന്നിത്തല


പാതയോര വിശ്രമ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന്റെ പേരിൽ സംസ്ഥാനത്തെ പ്രധാന റോഡുകളുടെ ഇരുവശവുമുള്ള സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചുനൽകാനുള്ള ശ്രമം നിയമസഭയിലെ അവിശ്വാസ പ്രമേയ വേളയിൽ തുറന്ന് കാട്ടിയിരുന്നു.

കോടിക്കണക്കിനു രൂപ വിലവരുന്ന കണ്ണായ സ്ഥലങ്ങളാണ് സ്വകാര്യ വ്യക്തികൾക്ക് ചാർത്തികൊടുക്കുന്നത്.

ഈ തീരുമാനത്തെ അന്ന് എതിർത്തത് പ്രതിപക്ഷം മാത്രമായിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഈ ഉത്തരവിനെതിരെ സർക്കുലർ ഇറക്കിയത് ഇ. ചന്ദ്രശേഖരന്റെ കീഴിലുള്ള റവന്യൂ വകുപ്പാണ്. പാതയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും, പരിപാലിക്കുന്നതിലും തങ്ങൾക്ക് മുൻപരിചയം ഉണ്ടെന്നും അതിനാൽ സ്ഥലം വിട്ടുനൽകാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിരുന്നു. അവരെ അവഗണിച്ചുകൊണ്ടാണ് സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾക്ക് പതിച്ച് നൽകാനുള്ള ശ്രമവുമായി സർക്കാർ മുന്നോട്ടു പോയത്. ഈ വിഷയം പ്രതിപക്ഷം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ അതിന്മേലുള്ള തുടർ നടപടികൾ നിർത്തിവെച്ചു. എന്നാൽ ഇപ്പോൾ നോർക്ക വകുപ്പിന്റെ കീഴിൽ ഇതേ പദ്ധതിക്കായി പുതിയ ഉത്തരവുമായി വന്നിരിക്കുകയാണ് പിണറായി സർക്കാർ.

ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് എന്ന കമ്പനിക്ക് 'Reststop' എന്ന ബ്രാൻഡിൽ കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ പാതയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ചേർത്തല സ്റ്റീൽ ഇൻഡസ്ട്രീസ് ഓഫ് കേരളയുടെ രണ്ട് ഏക്കർ വരെയുള്ള സ്ഥലം വിട്ടുകൊടുക്കാൻ കഴിഞ്ഞ 23 ന് തത്വത്തിൽ തീരുമാനമായി.

സർക്കാറിന് കേവലം 26 ശതമാനം ഷെയർ മാത്രമുള്ള ഒരു കമ്പനിക്ക് കോടികൾ വിലയുള്ള സ്ഥലം സൗജന്യമായി വിട്ടു കൊടുക്കാനുള്ള തീരുമാനം ദുരൂഹമാണ്. മാത്രമല്ല സർക്കാർ നോമിനികൾ ആയി കമ്പനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ.വി മുസ്തഫ, ബാജു ജോർജ് എന്നിവരെ തൽസ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന്റെ കാരണങ്ങൾ അജ്ഞാതമാണ്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സുപ്രധാന ചോദ്യങ്ങൾ സർക്കാരിനോട് ഉന്നയിക്കുകയാണ്.

1) പദ്ധതിയുടെ ധാരണാപത്രം പുറത്തുവിടാൻ സർക്കാർ തയ്യാറാകുമോ?
2) ഇക്കാര്യത്തിൽ റവന്യൂ മന്ത്രിയുടെ അഭിപ്രായം എന്താണ്?
3) ഈ കമ്പനിയിലേക്ക് മുസ്തഫ,ബാജി ജോർജ് എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി ഉപയോഗിച്ച മാനദണ്ഡം എന്താണ്?
4) ഈ ഉത്തരവിനു ക്യാബിനറ്റ് അംഗീകാരം ഉണ്ടോ?
5) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ,പദ്ധതി നേരിട്ട് നടത്താൻ താൽപര്യം അറിയിച്ചിട്ടും എന്തുകൊണ്ട് അനുമതി നൽകിയില്ല?

ഈ കാര്യങ്ങൾ പൊതുസമൂഹത്തോട് വ്യക്തമാക്കാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്.

ഒരേ സർക്കാരിനു കീഴിൽ ഒരേ വിഷയത്തിൽ, ഒരേ സമയം രണ്ട് ഉത്തരവുകൾ നിലനിൽക്കുക എന്നത് വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ അപര്യാപ്തതയാണ് കാണിക്കുന്നത്. ക്യാബിനറ്റിൽ ചർച്ച ചെയ്തിരുന്നെങ്കിൽ ഇത്തരം ഒരു ആശയക്കുഴപ്പം ഉണ്ടാകില്ല എന്ന് വ്യക്തമാണ്. തീർത്തും ഏകപക്ഷീയമായിട്ടാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള നോർക്ക വകുപ്പ് ഈ തീരുമാനം എടുത്തിരിക്കുന്നത് എന്ന് കാണാം. Reststop എന്ന കമ്പനിയുടെ ഉടമകൾ ആരൊക്കെ എന്നതുൾപ്പെടെ സംസ്ഥാന സർക്കാർ ഇനിയും പുറത്തു വിടാത്ത കാര്യങ്ങൾ എത്രയും പെട്ടന്ന് ജനങ്ങളെ അറിയിക്കാൻ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയൻ സർക്കാരിന് ബാധ്യതയുണ്ട്.

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...