പ്രദീപ് ഗുരുകുലം എഴുതുന്നു അധികാരികൾ കണ്ണ് തുറക്കണം
ഇവിടെ പത്തനാപുരം മാങ്കോട് എന്ന സ്ഥലത്ത് പത്തു വയസുള്ള ഒരു ദളിത് പെൺകുട്ടി അടച്ചുറപ്പില്ലാത്ത വീട്ടിൽ പാമ്പുകടിയേറ്റു മരിച്ച സംഭവം അങ്ങ് അറിഞ്ഞിരിക്കുമല്ലോ?
മരണപ്പെട്ട ആദിത്യ മാങ്കോട് ഗവണ്മെന്റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന സർക്കാർ സ്‌കൂളിലെത്തുന്ന കുട്ടികളുടെ വീടുകളുടെ ഫിറ്റ്നസ് കൂടി ഉറപ്പാക്കണം. എങ്കിലേ ഇവിടെ ഒരു സർക്കാർ ഉണ്ടെന്നും, ആ സർക്കാർ എല്ലാവരുടേതുമാണെന്നും ഉറപ്പാകു....
വയനാട്ടിലെ ബത്തേരിയിൽ ഇതേ പ്രായത്തിലും ക്ലാസ്സിലും പെട്ട ഷെഹല ഷെറിൻ എന്നമോൾ ക്ലാസ്സ് മുറിയിൽ പാമ്പ് കടിയേറ്റു മരിച്ച സംഭവം ഒരു നീറുന്ന ഓർമയായി ഇന്നും നില നിൽക്കുകയാണ്.
മരണം ഒളിഞ്ഞിരിക്കുന്ന മാളങ്ങളുള്ള സ്കൂൾ കെട്ടിടങ്ങൾ കേരള നാട്ടിൽ ഇല്ലെന്ന് ഉറപ്പുണ്ടോ... ?
സ്വാതന്ത്ര്യം നേടി 7 പതിറ്റാണ്ടു കഴിഞ്ഞിട്ടും രാജ്യത്തും, സംസ്ഥാനത്തും എല്ലാ തരം പിന്നോക്കാവസ്ഥകളും അനുഭവിക്കുന്നത് ദളിത് പിന്നോക്ക വിഭാഗങ്ങൾ ആണ്.
പഞ്ചായത്ത് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ അവർ വിവേചനം നേരിടുന്നുണ്ട്.
വളരെ ദുർബലമായതും,, ഇഴ ജന്തുക്കൾ ഒളിച്ചിരിക്കുന്നതുമായ ഒരു വീട്ടിൽ കുടുംബത്തോടൊപ്പം ഉറങ്ങുമ്പോഴായിരുന്നു ആദിത്യ പാമ്പുകടിയേറ്റു മരിച്ചത്.
പരിഷ്‌കൃത സമൂഹത്തിനും സാംസ്‌കാരിക കേരളത്തിനും ഏറെ അപമാനകരമായ സംഭവമാണിത്.
പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഒരു കുട്ടിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. അതുകൊണ്ട് തന്നെയാണ് ആ വകുപ്പിന്റെ നാഥനായ താങ്കളെ ഈ കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.
പട്ടിക ജാതി ക്ഷേമ വകുപ്പ് ആർക്കു വേണ്ടിയാണ്...? എന്തിന് വേണ്ടിയാണ്..? എന്ന ചോദ്യം ഞാൻ ഉയർത്തുന്നില്ല. വരും നാളുകളിൽ അത്തരം ചോദ്യങ്ങൾ ഉയർന്നേക്കാം.
"പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുമെന്ന് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ ഭരണാധികാരികളാണ് നിങ്ങൾ ".
പത്ര പ്രസ്താവനകളോ ,സഹതാപ പ്രകടനകളോ അല്ല എന്നെ പോലുള്ളവർ ആഗ്രഹിക്കുന്നത്.
" പരിഹാരമാണ്. "
ഇത്തരം കണ്ണീർ കഥകൾ പറയാൻ ഞാനടക്കം ഒരു മാധ്യമ പ്രവർത്തകനും ഇനി ഒരിക്കലും ഒരവസരവും ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ
പ്രദീപ് ഗുരുകുലം
ജി. സി. എൻ
.... പത്തനാപുരം ....


Comments