ഗാന്ധിജിക്ക് ശേഷം ഏറെ ആയാസം നിറഞ്ഞ ആ ഗാന്ധിയൻ ജീവിതം നയിച്ച മനുഷ്യൻ...
ചരിത്രത്തെ കണ്ണടച്ച് വിമർശിക്കുന്ന ചിലരുണ്ട്, അവരാരാണ് എന്ന് ചോദിച്ചാൽ അവർക്ക് ആ ചരിത്രത്തിൽ ഒരു ബന്ധവുമില്ലാത്തവരാണ് എന്നാണുത്തരം.
കേരളത്തിൻ്റെയും ഇന്ത്യയുടെയും സാമൂഹിക-രാഷ്ട്രീയത്തിൽ അധികം പങ്കില്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികൾ, ആ ചരിത്രത്തിൽ ഒളിച്ചു കടക്കാൻ പല ഒളിപ്പോരുകളും നടത്തിയിട്ടുണ്ട്.
അക്കൂട്ടരാണ് AK ആൻ്റണിയെ കടന്നാക്രമിക്കാൻ ഇറങ്ങിയിരിക്കുന്നത്..
പണ്ടേ 'അഴിഞ്ഞു വീണ മുഖമുള്ള ' ചില ലേഖനങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ആൻ്റണിയെ വിമർശിക്കാൻ ഇറങ്ങുന്ന സഖാക്കൾ ആൻ്റണി ആരാണെന്നും, എന്താണെന്നും നന്നായി പഠിക്കണം.
നിങ്ങളുടെ ഒരു നേതാവ്, പണ്ട് മൈക്കിനു മുന്നിൽ നിന്ന് നിങ്ങളെ ഒന്ന് കോരിത്തരിപ്പിക്കാനായി, AK യെ "ആറാട്ട്മുണ്ടൻ'' എന്ന് വിളിച്ചത് കേട്ട്, ആ ആവേശത്തിൽ ആൻ്റണിയെ അളക്കാൻ ഇറങ്ങരുത്. ആ അഞ്ചടിക്കാരൻ നടന്നു കയറിയ ഉയരങ്ങൾക്കപ്പുറവും അദ്ദേഹമുണ്ട്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാരെന്നതിൽ തുടങ്ങി രണ്ട് ഡസനിലേറെ PSC ചോദ്യങ്ങളുടെ ഉത്തരമെന്നതിനപ്പുറവുമുണ്ട്.
നമ്മൾ ജീവിച്ചിട്ടില്ലാത്ത ജീവിതങ്ങളത്രയും നമ്മുക്ക് സത്യമാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അത്തരം ഒരു ജീവിതം ജീവിച്ച് തീർത്ത മനുഷ്യനാണ് AK. "പൈപ്പ് വെള്ളം കുടിച്ചു പട്ടിണി മാറ്റി പാർട്ടിയുണ്ടാക്കിയവൻ " എന്നത് പാഴ് വാക്കല്ലാതെ പോകുന്നത് അദ്ദേഹത്തെ പറ്റി പറയുമ്പോഴാണ്.
ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നും വിദ്യാർത്ഥികളുടെ അന്യസംസ്ഥാനത്തെക്കുള്ള ഒഴുക്ക് 'തടയണ കെട്ടി' തടഞ്ഞ സ്വാശ്രയ വിദ്യാഭ്യാസം നയം മുതൽ, സൈനികരുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ച ഇന്ത്യയുടെ ലോങ്ങസ്റ്റ് സെർവ്വിംഗ് പ്രതിരോധ മന്ത്രി വരെ അദ്ദേഹത്തിൻ്റെ വിവിധ മേഖലകളിലെ കോൺട്രിബ്യൂഷൻ വളരെ വലുതാണ്. ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയിൽ "നോൺ കറപ്ടഡായി" ഏഴ് പതിറ്റാണ്ടിനോടടുത്ത് ജീവിക്കുക എന്നത് ഭാവനകൾക്കും അപ്പുറത്താണ്.
അഴിമുഖത്തിലെ അഭിമുഖം പൂർണ്ണമായി വായിച്ചിട്ടല്ല, സഖാക്കളുടെ സൈബർ ലിഞ്ചിംഗ് എന്നറിയാം. സഖാക്കൾ കാര്യം മനസിലാക്കി പ്രതികരിക്കണമെന്ന് അത്യാഗ്രഹം നമ്മുക്കും പാടില്ല ..
കോവിഡ് കാലത്തെ വിവാദത്തെ പറ്റി ചോദിച്ചപ്പോൾ, "യുദ്ധകാലത്ത് പോസ്റ്റുമാർട്ടമില്ല" എന്ന സൈനിക ശൈലി പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. പച്ചക്ക് പറഞ്ഞാൽ "കോവിഡ് കാലത്ത് രാഷ്ട്രീയം പറയുന്നില്ല" എന്ന സഖാക്കളുടെ പൊളിടിക്കൽ ലൈൻ.
പിന്നെയും എന്തുകൊണ്ട് നിങ്ങൾ ആ മനുഷ്യനെ കല്ലെറിയുന്നു എന്ന് ചോദിച്ചാൽ, "2016 മെയ് മാസത്തിൽ വിജയൻ മഴുവെറിഞ്ഞ് കേരളം ഉണ്ടായിയെന്നും, പ്രത്യേകിച്ച് ആരോഗ്യ കേരളം ഉണ്ടായിയെന്നുമുള്ള " നിങ്ങളുടെ വ്യാജ ചില്ലുകൊട്ടാരത്തിലാണ് അദ്ദേഹം സത്യത്തിൻ്റെ കല്ലെറിഞ്ഞത്.
ആരോഗ്യ കേരളം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ലായെന്നും, രാജഭരണകാലത്തോടും, പ്രത്യേകിച്ച് തിരുവിതാംകൂർ രാജകുടുംബത്തോടും, ക്രിസ്ത്യൻ മിഷനറിമാരോടും, ബ്രിട്ടീഷ് ഭരണകൂടത്തോടും, പിന്നീട് വന്ന ജനാധിപത്യ സർക്കാരുകളോടും കടപ്പെട്ടിരിക്കുന്നു എന്ന സത്യം അദ്ദേഹം പറഞ്ഞു. അതായത് കരുതൽ വിജയനും, ടീച്ചറമ്മയും മാത്രമല്ലാ അതിന് അവകാശികൾ എന്ന " കൊച്ചി ന്യൂയോർക്ക് ടൈംസിൻ്റെയും " പോരാളിമാരുടെയും ക്യാംപെയിൻ തച്ചുതകർത്തു.
ആൻ്റണി പറഞ്ഞതിലെ ബാക്കിയെല്ലാ ഇൻസ്റ്റിറ്റ്യൂഷൻസും ഒഴിവാക്കി, "രാജകുടുംബം " എന്നത് മാത്രം അടർത്തിയെടുത്ത് "രാജഭക്തനെന്ന് " ചാപ്പകുത്തുന്ന സഖാക്കൾ, ശ്രീധര മേനോൻ്റെയും റോബിൻ ജെഫ്രിയുടെയും തൊട്ട് മനു എസ്സ് പിള്ള വരെയുള്ളവരുടെ പുസ്തകം, പോയിട്ട് EMS ൻ്റെ പുസ്തകം പോലും വായിക്കാൻ ഞാൻ പറയുന്നില്ല. തൊട്ടടുത്ത വീട്ടിൽ പോയിട്ട് പഴയ സിലബസ് പത്താം ക്ലാസ്സ് സാമൂഹിക പാഠം പുസ്തകത്തിലെ എട്ടാമത്തെ പാഠമായ "കേരളം ആധുനികതയിലേക്ക് " എന്ന പാഠം എങ്കിലും വായിക്കണം. അതിൽ ആരോഗ്യ രംഗത്തെ "തിരുവിതാംകൂർ മോഡലിനെ " പറ്റിയൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതു തന്നെയാണ് AK യും പറഞ്ഞത്.
നിങ്ങൾക്ക് താല്പര്യമില്ലാത്തതു കൊണ്ടോ, നിഷേധിച്ചതു കൊണ്ടോ ചരിത്രം ചരിത്രമല്ലാതാകില്ല. ബ്രിട്ടീഷ് ഭരണത്തെ നമ്മൾ എതിർക്കുന്നു എന്നത് കൊണ്ട്, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുണ്ടായ തീവണ്ടയിയടക്കമുള്ള ചരിത്രത്തെ റദ്ദ് ചെയ്യാൻ കഴിയില്ല. അതുപോലെ വാക്സിൻ സാർവ്വത്രികമാക്കിയതു തൊട്ടുള്ള തിരുവതാംകൂർ രാജകുടുംബത്തിൻ്റെ പങ്ക് ആരോഗ്യ രംഗത്ത് വളരെ വലുതാണ്.
പിന്നെ കോൺഗ്രസ്സുകാരൻ രാജഭക്തനാണെന്ന് പറയുന്നത്, പഴയ രാജകുടുംബാഗങ്ങൾ ഒന്നും കേൾക്കരുത്. അഞ്ഞൂറ്റിയമ്പത്തഞ്ച് നാട്ടു രാജ്യങ്ങളെ സന്ധിയും, സമരസവും, സൈന്യവും ഉപയോഗിച്ച് ജനാധിപത്യവത്കരിച്ചത് ജവഹർലാൽ നെഹ്റുവും, സർദാർ വല്ലഭായി പട്ടേലും എന്ന കോൺഗ്രസ്സുകാരാണ്. പിന്നെ രാജകുടുംബാംഗങ്ങൾക്ക് കിട്ടിയിരുന്ന പ്രിവ്യു പഴ്സ് നിർത്തലാക്കിയ ഇന്ദിര ഗാന്ധിയും കോൺഗ്രസ്സാണ് .... ആ കോൺഗ്രസ്സാണ് ആൻ്റണിയും.. ഒരു പക്ഷേ ഗാന്ധിക്ക് ശേഷം, ഏറെ ആയാസം നിറഞ്ഞ ആ ഗാന്ധിയൻ ജീവിതം നയിച്ച മനുഷ്യൻ... നിങ്ങളുടെ പരിഹാസത്തിലെ "ആദർശ ഗാന്ധി" പട്ടം പോലും അദ്ദേഹത്തിനൊരു അംഗീകാരമാണ്.
നിങ്ങൾ എത്ര വിമർശിച്ചാലും, ആ വിമർശനങ്ങൾക്കൊക്കെ വളരെ മുകളിലാണ് അറയ്ക്കപ്പറമ്പിൽ കുര്യൻ്റെ മകൻ ആൻ്റണി. പല കാലം കൂടി പിറക്കുന്ന ഒരു ചരിത്രമാണദ്ദേഹം...
കടപ്പാട്
©Rahul Mamkootathil






Comments