രാജീവ് ഗാന്ധി ജനസാഗരം തിങ്ങി നിറഞ്ഞ സദസ്സിലേക്കു എത്തിയ ആവേശം അനശ്വരമായ ഓർമകളാണ്.

വീണ്ടും ഒരു മെയ്‌ 11
1991 മേയ് 11 കാസർകോടിന്റെ മാത്രമല്ല കേരളത്തിന്റെ ഓർമകളിൽ ഒരിക്കലും മറക്കാനാവില്ല.
അന്നാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കേരളത്തിലെ അവസാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടന്നത്. കാസർകോട് ഗവ.കോളജ് ഗ്രൗണ്ടിൽ വിമാനമിറങ്ങിയ രാജീവ് ഗാന്ധി ജന സാഗരം തിങ്ങി നിറഞ്ഞ സദസ്സിലേക്കു എത്തിയ ആവേശം അനശ്വരമായ ഓർമകളാണ് അദ്ദേഹത്തെ നേരിട്ടു കണ്ട് സ്നേഹ സന്തോഷവും സൗഹൃദവും ഏറ്റു വാങ്ങിയ പ്രവർത്തകർക്കും നേതാക്കൾക്കും സമ്മാനിച്ചത്.

എഐസിസി ജനറൽ സെക്രട്ടറിയായി ദേശീയ നേതൃത്വത്തിലെ മുൻ നിര നേതാവായി ഉയർന്ന കെ.സി.വേണുഗോപാൽ ആയിരുന്നു അന്ന് കാസർകോട് മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർഥി. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും പല തവണ പ്രസംഗിച്ചിട്ടുണ്ട് ഈ കോളജ് ഗ്രൗണ്ടിലെ വേദിയിൽ. കൈക്കുഞ്ഞുങ്ങളെ ഒക്കത്തിറക്കി അമ്മമാരും വയോധികരുൾപ്പെടെ ആയിരങ്ങൾ പൊരിവെയിലിൽ മണിക്കൂറുകളായി കാത്തിരിക്കുകയായിരുന്നു രാജീവ് ഗാന്ധിയെ ഒരു നോക്ക് കാണാൻ. അന്തരീക്ഷം കറുത്തിരുണ്ടു തുടങ്ങിയപ്പോൾ രാജീവ്ഗാന്ധി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ ഇറങ്ങുമോയെന്ന ആശങ്കയിലായി നേതാക്കൾ.
ഹെലിപാഡിൽ ഇറങ്ങി നിറഞ്ഞ ചിരിയോടെ രാജീവ് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തപ്പോൾ നിറഞ്ഞ ഹർഷാരവം.
കൂടെ കെ.കരുണാകരനും. ഇരുണ്ട അന്തരീക്ഷത്തിൽ വിമാനം ഇറക്കുക പ്രയാസമാണെന്ന വൈമാനികരുടെ തടസ്സം പോലും അവഗണിച്ചാണ് അപകട ഘട്ടത്തിലുള്ള  രാജ്യത്തിന്റെ രക്ഷയ്ക്കു ജനങ്ങളെ ഭാരമേൽപ്പിക്കാൻ രാജീവ്ഗാന്ധി കാസർകോട് ഇറങ്ങിയതെന്ന് കെ.കരുണാകരന്റെ വാക്കുകൾ.

നേതാക്കളിലും പ്രവർത്തകരിലുമുള്ള ഒരാളെപ്പോലെയായിരുന്നു രാജീവ് ഗാന്ധിയുടെ പെരുമാറ്റം. ജനങ്ങളുടെ ഐക്യവും ശക്തിയുമാണ് രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനിൽപ്പ് സുശക്തമാക്കുന്നതെന്ന സന്ദേശം നൽകിയാണ് സന്ധ്യ കഴിഞ്ഞു കാസർകോട്ട് നിന്നു കർണാടകയിലെ മംഗളൂരുവിലേക്ക് തിരിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി പി.എ.അഷ്റഫലിയുടെ അംബാസഡർ കാറിലായിരുന്നു യാത്ര . അഷ്റഫലി ഓടിച്ച കാറിൽ സമീപം രാജീവ് ഗാന്ധി, പിറകിൽ മറ്റൊരു ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന കോടോത്ത് ഗോവിന്ദൻ നായർ, തോക്കുധാരിയായ സുരക്ഷാഭടനും.

കാസർകോട് വിട്ടപ്പോൾ റെസ്റ്റ് ഹൗസ് ഉണ്ടോയെന്നായി ചോദ്യം . സിപിസിആർഐ ഗസ്റ്റ് ഹൗസിലേക്കു പോകാമെന്നു പറഞ്ഞപ്പോൾ മുൻകൂട്ടി അറിയിക്കാതെ  പോകുന്നത് ശരിയല്ലെന്നായി രാജീവ് . ഗസ്റ്റ് ഹൗസിലേക്കു തിരിച്ച കാർ പിറകോട്ട് എടുക്കുമ്പോഴാണ് അന്നു ജില്ലാ പൊലീസ് മേധാവിയായിരുന്ന പി.വി.പ്രഭാകരൻ നമ്പ്യാർ ഗെസ്റ്റ് ഹൗസിൽ നേരത്തെ വിവരം നൽകിയിട്ടുണ്ടെന്ന് അറിയിച്ചത്. സമീപത്തെ തെങ്ങിനരികിലുള്ള ടാപ്പ് കണ്ടപ്പോ‍ൾ രാജീവ് ഗാന്ധി ടാപ്പ് തുറന്നു മുഖം കഴുകി. ഗെസ്റ്റ് ഹൗസിൽ നിന്നു ഇളനീർ  കഴിച്ചായിരുന്നു മംഗളൂരുവിലേക്കുള്ള  യാത്ര തുടർന്നത്.

കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ കാർ എത്തിയപ്പോൾ കർണാടക മുഖ്യമന്ത്രി എം. വീരപ്പമൊയ്‍ലി, ബി.ജനാർദ്ദന പൂജാരി, ഓസ്കാർ ഫെർണാണ്ടസ് തുടങ്ങിയവർ വരവേറ്റു. ഇതേ കാറിൽ തന്നെ വരാമെന്നായി രാജീവ് ഗാന്ധി.  കർണാടക സർക്കാരിന്റെ അതിഥിയാണെന്ന നിലയിൽ പ്രത്യേക വാഹനം ഒരുക്കിയിട്ടുണ്ടെന്നായി വീരപ്പമൊയ്‍ലി. തുടർന്നു കാറിൽ നിന്നിറങ്ങി.  കാസർകോട് തിരഞ്ഞെടുപ്പു പ്രചാരണം കഴി‍ഞ്ഞു മംഗളൂരു നെഹ്റു മൈതാനിയിൽ‍ ബി.ജനാർദ്ദന പൂജാരിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പുറപ്പെട്ടതായിരുന്നു അദ്ദേഹം. കർണാടകയിലെ സന്ദർശനം കഴിഞ്ഞു തമിഴ്നാട്ടിൽ ശ്രീപെരുംപെത്തൂരിൽ പ്രചാരണത്തിനിടെയാണ് ലോകത്തെ നടുക്കി  1991 മേയ് 21 നു  ഈ ജനനായകൻ ദാരുണമായ അന്ത്യത്തിനിരയായി രക്തസാക്ഷിത്വം വരിച്ചത്.

കടപ്പാട് മനോരമ

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...