കൊറോണ: 2.70 കോടി രൂപ അനുവദിച്ച് രാഹുൽ ഗാന്ധി പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് അദ്ദേഹം തുക അനുവദിച്ചത്
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2.70 കോടി രൂപ അനുവദിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് അദ്ദേഹം തുക അനുവദിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായാണ് തുക.
രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക്, കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീറാംസാംബശിവ റാവു, വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും ഐ.സി യു, വെന്‍റിലേറ്റര്‍, അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയും എം.പിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്നോണം 50 തെര്‍മല്‍ സ്കാനര്‍, ഇരുപതിനായിരം മാസ്ക്, ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് കൈമാറിയിരുന്നു.
രണ്ടാം ഘട്ടമായാണ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ വെന്‍റിലേറ്റര്‍, ഐ.സി.യു ക്രമീകരണം, കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് ഫണ്ട് വകയിരുത്തിയത്.




Comments