കൂട്ടത്തോൽവി: മുല്ലപ്പള്ളിയെ നീക്കിയേക്കും, ചെന്നിത്തലയോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ കൂട്ടത്തോല്‍വിയുടെ കാരണം തേടി ഹൈക്കമാന്‍ഡ്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കി. മുല്ലപ്പള്ളിയെ നീക്കിയേക്കുമെന്ന സൂചനകള്‍ക്കിടെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടേക്കില്ലെന്നാണ് വിവരം.

രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയും നടത്തിയ പ്രചാരണത്തോടെ കേരളം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ പാളിയത്  ഹൈക്കമാന്‍ഡിനേറ്റ കനത്ത പ്രഹരമാണ്. ദേശീയ നേതാക്കള്‍ വിയര്‍പ്പൊഴുക്കിയിട്ടും പരാജയപ്പെട്ടത് സംസ്ഥാന ഘടകത്തിന്‍റെ വീഴ്ചയെന്നാണ് വിലയിരുത്തല്‍. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന മുറവിളികള്‍ക്കിടെയാണ് പരാജയ കാരണം വിശദമാക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ പാളാനിടയാക്കിയ സാഹചര്യമാണ് ഹൈക്കമാന്‍ഡ് പരിശോധിക്കുന്നത്.
കേരളത്തിലേക്ക് നേരത്തെ അയച്ച ദേശീയ നിരീക്ഷക സംഘവും പരാജയ കാരണം വിലയിരുത്തും. പാര്‍ട്ടി നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ആവേശം പോരായിരുന്നുവെന്നും, സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയില്ലെന്നും സംസ്ഥാനത്ത് പ്രചാരണം നടത്തിയ ചില ദേശീയ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതയാണ് വിവരം. മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ഹൈക്കമാന്‍ഡിന് മേല്‍ വലിയ സമ്മര്‍ദ്ദമാകുകയാണ്.
ഇരുഗ്രൂപ്പുകളും ഒരേ സ്വരത്തില്‍ മുല്ലപ്പള്ളിയെ  മാറ്റണമെന്നാണ്  കേന്ദ്രനേതൃത്വത്തോട്  ആവശ്യപ്പെട്ടിരിക്കുന്നത്.  പ്രചാരണത്തില്‍ പോലും മുല്ലപ്പള്ളി ആത്മാര്‍ത്ഥമായി സഹകരിച്ചില്ലെന്ന പരാതിയും ഹൈക്കമാന്ഡിന് മുന്നിലെത്തിയിട്ടുണ്ട്. അതേ സമയം താന്‍ വിയര്‍പ്പൊഴുക്കിയിട്ടും പാര്‍ട്ടി ഒപ്പം നിന്നില്ലെന്ന പരാതി രമേശ് ചെന്നിത്തല ചില നേതാക്കളെ അറിയിച്ചുവെന്നാണ് വിവരം.
സര്‍ക്കാരിനെതിരെ കൊണ്ടു വന്ന അഴിമതി ആരോപണങ്ങള്‍ പ്രധാന നേതാക്കള്‍ പോലും ഏറ്റെടുത്തില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമായിരുന്നില്ലെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തോട് മാറാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനമെന്നറിയുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചെന്നിത്തലക്ക്  വിടാനാണ് സാധ്യത.  

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...