കേരളീയ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന നക്ഷത്രം ഗൗരിയമ്മ അന്തരിച്ചു
അനുഭവങ്ങൾ കൊണ്ട് ഒരു നൂറ്റാണ്ടിന്‍റെ സമരപർവം പിന്നിട്ട കെ.ആർ ഗൗരിയമ്മ
കാലത്തിന് തളർത്താൻ കഴിയാഞ്ഞ പോരാട്ടവീര്യത്തിന്റെ സ്മരണയ്ക്ക് മുന്നിൽ
പ്രണാമം
1919 ജൂലൈ 14-ന് ആലപ്പുഴയിലെ ചേർത്തലയിലായിരുന്നു ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജിലും ലോ കോളേജിലുമായി പഠനം പൂർത്തിയാക്കി. നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുൻപായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഗൗരിയമ്മ 1946-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ഗൗരിയമ്മ. റവന്യൂ, എക്സൈസ് വകുപ്പുകളുടെ ചുമതലയാണ് അന്ന് വഹിച്ചിരുന്നത്. പിന്നീട് വിവിധ സർക്കാരുകളിലായി അവർ അഞ്ച് തവണ മന്ത്രിയായി. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ആകെ 11 തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1957-ൽ ഇതേ മന്ത്രിസഭയിൽ അംഗമായിരുന്ന ടി.വി.തോമസിനെ ഗൗരിയമ്മ വിവാഹം ചെയ്തു. പാർട്ടി മുൻകൈയ്യെടുത്ത നടത്തിയ വിവാഹമായിരുന്നു ഇത്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ഗൗരിയമ്മ ഉറച്ചു നിന്നു. എന്നാൽ ടി.വി സിപിഐയോടൊപ്പമായിരുന്നു. രാഷ്ട്രീയയാത്രയിലുണ്ടായ ഈ വഴിമാറ്റം അവരുടെ ദാമ്പത്യജീവിതത്തേയും വലിയ രീതിയിൽ ബാധിച്ചു. ഇടക്കാലത്ത് സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്ന ഗൗരിയമ്മ പൂർണമായും കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും രണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കിടയിലെ പോരിൽ ആ ദാമ്പത്യം ഞെരിഞ്ഞമർന്നു.
1987 ൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പക്ഷേ 1994 ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. അതേ വർഷം അവർ ജെഎസ്എസ് എന്ന പാർട്ടി രൂപീകരിച്ചു. 2019 വരെ ജെഎസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഗൗരിയമ്മ. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട 1994 മുതൽ 2016 വരെ യുഡിഎഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നൽകി സിപിഎം എൽഡിഎഫിലേക്ക് കൊണ്ടു വന്നു. ഗൗരിയമ്മയുടെ ആത്മകഥയ്ക്ക് 2011-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു
ആദരാജ്ഞലികൾ
പ്രണാമം
Comments