ശ്രീനാരായണ ഗുരുവുദേവനും മഹാത്മാഗാന്ധിജിയും തമ്മിൽ കണ്ട ചരിത്ര നിമിഷം
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തെ അറിയിച്ച
അഹിംസ മാർഗ്ഗത്തിലൂടെ എന്തും നേടിയെടുക്കാൻ സാധിക്കും എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജി ഗുരുദേവനനെ സന്ദർശിച്ചതിന് ശേഷം പറഞ്ഞത്
പുണ്യാത്മാവായ ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളെ സന്ദർശിക്കാൻ ഇടയായതും ഗുരുസ്വാമിയുടെ ശിവഗിരി പുണ്യാശ്രമത്തിൽ ഒരുദിവസം താമസിക്കാൻ കഴിഞ്ഞതും എന്റെ ജീവിതത്തിലെ പരമഭാഗ്യമായി ഞാൻ
കരുതുന്നു എന്നാണ് .
വിശ്വസാഹിത്യത്തിന്റെ നെറുകയിൽ വിരാജിച്ച ലോകം ആരാധിക്കുന്ന രബീന്ദ്രനാഥ ടാഗോറും ശിവഗിരിയിൽ എത്തി ഗുരുസ്വാമിയുമായി കണ്ടതിനുശേഷം ലോകത്തോടായ് പറഞ്ഞത് ശ്രീനാരായണഗുരു സ്വാമിയേക്കാൾ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനെയും എനിക്ക് കാണുവാൻ സാധിച്ചിട്ടില്ല അനന്തതയുടെ വിദൂരതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഒരു കാലത്തും ഞാൻ മറക്കുന്നതല്ല
ഈ രണ്ടു മഹാത്മാക്കളും ഗുരുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകൾ എന്നും ഓരോ ഗുരു ഭക്തരുടെ ഉള്ളിലും മരുഭൂമിയിലെ നീരുറവ പോലെ ആനന്ദകരമാണ്.
കൊട്ടും കുഴലും നാദസ്വര മേളവും ഉയർന്നുപൊങ്ങി! ആളുകൾ അക്ഷമരായി
ആരെയോ കാത്തു നിൽക്കുകയാണ്. എല്ലാവരുടെയും കണ്ണുകൾ ആശ്രമകവാടത്തിലേക്കു തന്നെ. പ്രത്യേകം സജ്ജമാക്കിയ പൂപ്പന്തലിൽ വർണ്ണാഭമായ തോരണങ്ങൾ കാറ്റിലാടുന്നു!
1925 മാർച്ച് 11ന് വർക്കലയിലെ ശിവഗിരി ആശ്രമത്തിനു മുന്നിലായിരുന്നു ആ കാത്തുനില്പ്. ശ്രീനാരായണ ഗുരുദേവനെ സന്ദർശിക്കാൻ മഹാത്മാഗാന്ധി ആശ്രമത്തിലെത്തുന്ന ദിവസമായിരുന്നു അന്ന്.
മുൻകൂട്ടി നിശ്ചയിച്ചിരുന്നതുപോലെ കൃത്യം മൂന്നു മണിക്കുതന്നെ ഗാന്ധിജി എത്തിച്ചേർന്നു. ഹർഷാരവങ്ങളും ജയ് വിളികളും ഉയർന്നു പൊങ്ങി. ആശ്രമകവാടത്തിൽ വച്ച് ഗുരുദേവൻ അദ്ദേഹത്തെ ഖദർമാല അണിയിച്ചു. പിന്നെ നാടൻ പൂക്കൾ കൊണ്ട് പ്രത്യേകം തയ്യാറാക്കിയ പൂച്ചെണ്ടു നല്കി എതിരേറ്റു.ഗുരുദേവന്റെ കരംഗ്രഹിച്ചുകൊണ്ട് ഗാന്ധിജി പയ്യെപ്പയ്യെ മുന്നോട്ടു നീങ്ങി. അദ്ദേഹത്തെ ഒരു നോക്കു കാണാൻ അവിടെ കൂടിയിരുന്ന ജനങ്ങൾ തിക്കും തിരക്കും കൂട്ടി. ഗാന്ധിജി കൂപ്പുകൈയോടെ ജനങ്ങളെ അഭിവാദ്യം ചെയ്തു. തുടർന്ന് തന്റെ വരവിന്റെ ഉദ്ദേശ്യം വിവരിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.“വന്ദ്യഗുരുദേവൻ, ഈ ആശ്രമത്തിലെ പ്രിയങ്കരരായ അന്തേവാസികളെ, എന്നെ കാണാനെത്തിയിട്ടുള്ള നല്ലവരായ സഹോദരങ്ങളെ, ഞാൻ ഇപ്പോൾ കേരളത്തിൽ വന്നിട്ടുള്ളത് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന കർമ്മ സേനാനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ്. മനുഷ്യൻ അശുദ്ധ വസ്തുവല്ല. ഇതേക്കുറിച്ചുള്ള സത്യങ്ങളെല്ലാം ഗുരുദേവൻ ഇതിനകം തന്നെ നിങ്ങളെ പഠിപ്പിച്ചു കഴിഞ്ഞിട്ടുള്ളതാണ്. വഴിയിലൂടെ നടക്കാനും ക്ഷേത്രത്തിൽ പ്രവേശിച്ച് ദൈവാരാധന നടത്താനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അതിനുവേണ്ടി കേരളമക്കൾ നടത്തുന്ന സത്യാഗ്രഹം ഉചിതവും ന്യായവുമാണ്. അയിത്തോച്ചാടനത്തിനായി നാമെല്ലാവരും ഒന്നായി അണിചേരണം. അതിനായി ഗുരുദേവന്റെ അനുഗ്രഹങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനാണ് ഞാനിവിടെ എത്തിയിട്ടുള്ളത്.
ഗാന്ധിജിയുടെ പ്രസംഗവും അദ്ദേഹത്തിന്റെ ചലനവും ജനങ്ങൾ ഇമ പൂട്ടാതെ ശ്രദ്ധിച്ചു നിന്നു.ഗുരുദേവൻ ഗാന്ധിജിയെ ആശ്രമത്തിന്റെ അകവും പുറവും പരിചയപ്പെടുത്തി. പല കാര്യങ്ങളും അവർ തമ്മിൽ ചർച്ച ചെയ്തു.
“ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളിൽ അയിത്തവും വിധിച്ചിട്ടുള്ളതായി അങ്ങേയ്ക്കറിവുണ്ടോ?”
ഗുരു: “ഇല്ല.” മഹാത്മജി: “അയിത്തം ഇല്ലാതാക്കാൻ വൈക്കത്ത് നടക്കുന്ന സത്യാഗ്രഹ പ്രസ്ഥാനത്തിൽ അങ്ങേയ്ക്ക് ഭിന്നാഭിപ്രായം ഉണ്ടോ?
”ഗുരു: “ഇല്ല.” മഹാത്മജി: “അധഃകൃതവർഗ്ഗക്കാരുടെ അവശതകൾ തീർക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമെ മറ്റെന്തെല്ലാം വേണമെന്നാണ് അങ്ങയുടെ അഭിപ്രായം.
ഗുരു: “അവർക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. നന്നാവാനുള്ള സൗകര്യം എല്ലാ പേരെയുംപോലെ അവർക്കും ഉണ്ടാകണം.” ഗുരുദേവൻ വിശദമാക്കി.അനന്തരം തിരുവനന്തപുരത്തുവച്ചുകൂടിയ മഹാസമ്മേളനത്തിൽ വച്ച് ഗാന്ധിജി ഗുരുവിനെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി.
“മനോഹരമായ തിരുവിതാംകൂർ ' രാജ്യം സന്ദർശിക്കാൻ ഇടയായതും പുണ്യവാനായ ശ്രീനാരായണഗുരു സ്വാമികളെ ദർശിക്കാനായതും എന്റെ ജീവിതത്തിലെ പരമഭാഗ്യമായി " ഞാൻ വിചാരിക്കുന്നു.ഈ സ്വാമികളുടെ മാഹാത്മ്യത്തെക്കുറിച്ച് റീജന്റ് തിരുമനസ്സും എന്നോട് സംസാരിക്കുകയുണ്ടായി."
ശ്രീനാരായണ ഗുരുവുദേവനും മഹാത്മാഗാന്ധിജിയും തമ്മിൽ കണ്ട ചരിത്ര നിമിഷത്തിന്
ആശംസകൾ
റെജി പൂവത്തൂർ


Comments